സംഘര്‍ഷം തിരിച്ചടിയായി; ശബരിമലയില്‍ ഭക്തരെ കൂട്ടാന്‍ പത്രപരസ്യവുമായി സര്‍ക്കാര്‍

SABARIMALA

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ഭക്തരെ ക്ഷണിച്ച് സര്‍ക്കാരിന്റെ പത്രപ്പരസ്യം. പ്രമുഖ പത്രങ്ങള്‍ക്കാണ് അര പേജ് കളര്‍ പരസ്യം നല്‍കുന്നത്. സമത്വവും സാഹോദര്യവും നിറഞ്ഞ സന്നിധിയിലേക്ക് സ്വാഗതം എന്ന പരസ്യം ഇന്ന് മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

ദക്ഷിണേന്ത്യയിലെ ഇംഗ്ലീഷ്‌ പത്രങ്ങള്‍ക്കും ഇതര ഭാഷാ പത്രങ്ങള്‍ക്കും പരസ്യം നല്‍കാനുള്ള തീരുമാനവുമുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ പരസ്യത്തില്‍ അക്കമിട്ടു നിരത്തുന്നു. യാത്രാ, ദര്‍ശന ക്രമീകരണങ്ങള്‍, ആരോഗ്യ രക്ഷാക്രമീകരണങ്ങള്‍ എന്നിവയും വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള സുപ്രീം കോടതി വിധിയെ ചെറുക്കാന്‍ സംഘപരിവാര്‍ സംഘടിച്ചതും സര്‍ക്കാര്‍ പ്രതിരോധിച്ചതും ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയിരുന്നു. മണ്ഡല മകരവിളക്കു കാലത്തെ 11 ദിവസത്തെ വരുമാനത്തില്‍ മാത്രം പോയ വര്‍ഷത്തേക്കാള്‍ 25.46 കോടി രൂപയുടെ കുറവാണുണ്ടായത്.

ഭക്തജന പ്രവാഹം കൊണ്ട് നിന്നു തിരിയാന്‍ ഇടമില്ലാതെയിരുന്ന ശബരിമല ഇപ്പോള്‍ ദിവസവും തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്. ഭക്തന്‍മാര്‍ ശബരിമലയിലേക്കെത്താതിരുന്നതോടെ അരവണ വില്‍പനയില്‍ മാത്രം 11.99 കോടിയുടെ കുറവാണുള്ളത്.

മുറിവാടകയില്‍ 50.62 ലക്ഷവും ഇടിവുണ്ടായി. ബുക്‌സ്റ്റാളിലെ വില്‍പനയില്‍ മാത്രമാണ് 4.37 ലക്ഷത്തിന്റെ വര്‍ധനവുണ്ടായത്. ഭക്തരുടെ എണ്ണം ഇത്തരത്തില്‍ കുറഞ്ഞാല്‍ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നു കണ്ടതോടെയാണ് ഭക്തരെ സ്വാഗതം ചെയ്യുന്ന പരസ്യവുമായി സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങിയത്.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top