ശബരിമലയില്‍ ഭക്തരെ കുറ്റവാളികളായി കാണുന്ന നടപടികള്‍ മനോവിഷമം ഉണ്ടാക്കി: പൊന്‍ രാധാകൃഷ്ണന്‍

പമ്പ: ശബരിമലയില്‍ ഭക്തരെ കുറ്റവാളികളായി കാണുന്ന നടപടികള്‍ മനോവിഷമം ഉണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ‘നിലയ്ക്കലില്‍ എസ്പി പറഞ്ഞു, ഞങ്ങളൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനനുസരിച്ചു മാത്രമേ തീര്‍ഥാടകരെ കടത്തി വിടുകയുള്ളൂ എന്ന്. നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേക്ക് ഒരു തീര്‍ഥാടകനും പോകാതിരിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് പൊലീസ് നടപ്പാക്കുന്നത്.

തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ജനങ്ങള്‍ തിരുത്തിക്കും. ലോകത്ത് ഒരു ആത്മീയ കേന്ദ്രത്തിലും 144 പ്രഖ്യാപിച്ച ചരിത്രമില്ല. ശബരിമലയില്‍ അത് എന്തിനുവേണ്ടിയാണെന്ന് ഭക്തരോടു പറയാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട് മന്ത്രി പറഞ്ഞു.

നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തി വിടാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് മന്ത്രി പറഞ്ഞത്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വാഹനങ്ങള്‍ എല്ലാം കടത്തിവിട്ടാല്‍ വലിയ ഗതാഗത കുരുക്കുണ്ടാകുമെന്നാണ് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചത്. ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവങ്ങളിലേതിന് സമാനമായി കാര്യമായ തിരക്ക് ഇന്നും ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭാഗിഗമായി നീക്കിയിട്ടുണ്ട്. വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാമെന്ന് പൊലീസ് അറിയിട്ടിട്ടുമുണ്ട്.

Top