ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം: ദുഃഖകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കുമളിക്ക് സമീപം അപകടത്തില്‍പ്പെട്ട് എട്ടുപേര്‍ മരിച്ച സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് സ്വദേശികളാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച മുഖ്യമന്ത്രി, ശ്ലാഘനീയമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും പ്രതികരിച്ചു. ഇന്നലെ രാത്രിയായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കേരള തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെയായാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഹെയര്‍പിന്‍ വളവുകയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളം കൊണ്ടുപോകുന്ന പൈപ്പിന് മുകളിലേക്കായിരുന്നു വാഹനം വീണത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്പത്തുനിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി. ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മരത്തില്‍ ഇടിച്ചപ്പോള്‍ ഏഴു വയസുകാരന്‍ പുറത്തേക്ക് തെറിച്ചുവീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Top