ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു

ശബരിമല;  ശക്തമായ മഴയുടെ സാഹചര്യത്തില്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി. അതേസമയം ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 7.09.2022 മുതൽ 10.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും.ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും. 10-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം.നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദ്ദേശം. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തിൽ യാത്ര നടത്താൻ അനുവാദം നൽകണമെന്നാണ് ഹര്‍ജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ തുടർന്ന് ശബരിമലയിൽ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങൾ നടപ്പാക്കിയതിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Top