ശബരിമല : ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍

sabarimala

പത്തനംതിട്ട: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി. ശബരിമല തീര്‍ഥാടകര്‍ക്കുനേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനായാണ് ഇവര്‍ എത്തിയത്. തീര്‍ഥാടകരില്‍നിന്ന് തെളിവെടുപ്പ് നടത്താനായി ആറു പേരടങ്ങുന്ന സംഘം നിലയ്ക്കലിലേക്ക് തിരിച്ചിട്ടുണ്ട്.

ബിജെപി എ.എന്‍. രാധാകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് സംഘം എത്തിയത്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും നേരത്തേ ശബരിമലയിലെത്തി പരിശോധന നടത്തിയിരുന്നു.

അതേസമയം അനുമതി ലഭിച്ചതിനെ തുടര്‍ന്ന് നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമല ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ കനത്ത സുരക്ഷയിലായിരുന്നു ഇവരെ പൊലീസ് സന്നിധാനത്തെത്തിച്ചത്. സ്ത്രീ വേഷം ധരിച്ചായിരുന്നു നാലംഗ സംഘം മലകയറിയത്.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്.

സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്ന് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവര്‍ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.

തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക് പരാതി നല്‍കുന്നതും ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുന്നതും.

Top