പന്തളം കൊട്ടാരത്തില്‍ തിരുവാഭരണ ദർശനത്തിന് എത്തുന്നവരുടെ തിരക്ക് കൂടി

പത്തനംതിട്ട: പന്തളം കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനത്തിന് എത്തുന്നവരുടെ തിരക്ക് കൂടുന്നു. ഈ മാസം പന്ത്രണ്ടിനാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്നത്.

ശബരിമല ദര്‍ശനത്തിന് പോകുന്നവരും മടങ്ങി വരുന്നവരും മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണ ദര്‍ശനം നടത്തുക പതിവാണ്. അയ്യപ്പചരിതവുമായി ബന്ധമുള്ള പന്തളം സ്രാമ്പിക്കല്‍ കോട്ടാരത്തിലാണ് തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി വച്ചിരിക്കുന്നത്.

തങ്കത്തില്‍ തീര്‍ത്ത മാലകള്‍ വാള് ചുരിക തുടങ്ങിയവയെല്ലാം തീര്‍ത്ഥാടകര്‍ക്ക് കാണാന്‍ അവസരമുണ്ട്. കൂടാതെ ശബരിമലയിലേക്ക് തിരുവാഭരണങ്ങള്‍ കൊണ്ട് പോകുന്ന പേടകങ്ങള്‍ രാജപ്രതിനിധി സഞ്ചരിക്കുന്ന പല്ലക്ക് എന്നിവയും തീര്‍ത്ഥാടകര്‍ക്ക് കാണാന്‍ കഴിയും.

പന്ത്രണ്ടിന് രാവിലെ നാല് മണിക്ക് തിരുവാഭരണങ്ങള്‍ കോട്ടാരത്തില്‍ നിന്നും പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റും. പ്രത്യേക സാഹചര്യത്തില്‍ തിരുവാഭരണ ഘോഷയാത്രക്കും രാജപ്രതിനിധിക്കും സുരക്ഷ ശക്തമാക്കാനാണ് പോലീസ് തിരുമാനം.

Top