ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി

ശബരിമല: സന്നിധാനത്ത് ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ. സമാധാനപരമായി നാമജപം നടത്തിയവരെ പോലീസ് മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നുവെന്നും മതേതര സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും നാരായണവര്‍മ്മ തുറന്നടിച്ചു.

യുവതികള്‍ എത്തിയാല്‍ ഉണ്ടാകുന്ന അശുദ്ധിയെക്കുറിച്ച് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവരും അറിയിച്ചു. ക്ഷേത്രത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്‌ പ്രധാനം. ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും തന്ത്രി പറഞ്ഞു.

sabarimala

ആചാരവും അനുഷ്ഠാനവും വേണ്ടെന്ന പറഞ്ഞാല്‍ അയ്യപ്പ സന്നിധിയില്‍ ഇനി ശുദ്ധിക്രിയയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. അശുദ്ധിയായി കരുതിയതെല്ലാം ഇപ്പോള്‍ ശുദ്ധമാണെന്നാണ് പറയുന്നതെന്നും കണ്ഠരര് രാജീവര് പ്രതികരിച്ചു.

ശബരിമലയില്‍ യുക്തിവാദിയ്ക്ക് സ്ഥാനമില്ലെന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി. യുക്തിവാദിനികളാണ് ശബരിമലയിലേയ്ക്ക് പോകുന്നതെന്നും യുക്തിയും ഭക്തിയും തമ്മില്‍ ചേരില്ലെന്നും ശബരിമലയില്‍ സ്ഥിതി പഴയതു പോലെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നലെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ലിബി താന്‍ നിരീശ്വരവാദിയാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

Top