ശബരിമലയില്‍ യുവതികളെ കൊണ്ടുവരുന്നത് ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുന്ന പരിപാടിയാണെന്ന് മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ഇടയ്ക്കിടെ യുവതികളെ കൊണ്ടുവരുന്നത് സി.പി.എം. ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുന്ന പരിപാടിയാണെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍. ബുധനാഴ്ച നടക്കുന്ന അയ്യപ്പജ്യോതിയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കില്ലെന്നും അയ്യപ്പജ്യോതി ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടിയാണെന്നും ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഇടയ്ക്കിടെ യുവതികളെ എത്തിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നുള്ള തന്ത്രമാണെന്നും ബി.ജെ.പിയുടെ സമരം തണുത്തിരിക്കുമ്പോഴാണ് യുവതികളെ എത്തിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് എന്തിനാണ് ഇത്ര താത്പര്യമെടുത്ത് യുവതികളെ എത്തിക്കുന്നതെന്നും താലിബാന്‍ മോഡല്‍ അക്രമമെന്ന മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യുവതികളെ തടയുന്നത് ആര്‍.എസ്.എസുകാരാണെന്ന അഭിപ്രായം അംഗീകരിക്കാനാകില്ല. ഭക്തരെയെല്ലാം ആര്‍.എസ്.എസ്സുകാരായി ചിത്രീകരിക്കുന്നത് എന്തിനാണ്. യുവതികളെ മലകയറാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. യുവതികളെ തിരിച്ചയക്കാന്‍ 144ന്റെ ആവശ്യവുമില്ല. അതിനാല്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണം’ മുരളീധരന്‍ ആവശ്യപ്പെട്ടു.

Top