ശബരിമല ഓര്‍ഡിനന്‍സ് ; സുപ്രീംകോടതി നടപടികള്‍ മറികടക്കാന്‍ കഴിയില്ലെന്ന് രാം മാധവ്

ഡല്‍ഹി : ശബരിമല ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് അറിയിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. സുപ്രീംകോടതി നടപടികള്‍ മറികടക്കാന്‍ കഴിയില്ലെന്നും സാധ്യമായത് ചെയ്യുമെന്നും രാം മാധവ് അറിയിച്ചു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ല. എന്നാല്‍ ശബരിമല വിശ്വാസസംരക്ഷണത്തിന്റെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തില്‍ എന്തെല്ലാം ചെയ്യാനാകും എന്നതില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളെ തെരുവിലിറക്കരുതെന്നും കടകംപള്ളി വ്യക്തമാക്കി.

ആചാര സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ആ സ്ഥിതിക്ക് നിയമം കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റി എന്ന് പറയാന്‍ വേണ്ടി മാത്രമായിരിക്കാം എന്‍കെ പ്രേമചന്ദ്രന്‍ ലോക് സഭയില്‍ ബില്ല് അവതരിപ്പിക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന വിധി സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. യുവതീ പ്രവേശന ബില്‍ കൂടാതെ മറ്റ് സുപ്രധാന ബില്ലുകളും ഇന്ന് ലോക്സഭയില്‍ ചര്‍ച്ചയാകും.

Top