കേന്ദ്ര സർക്കാർ നിലപാടിൽ വെട്ടിലായി, വിശ്വാസവും വിശ്വാസ്യതയും നഷ്ടമായി !

നി ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനും ശബരിമല വിഷയം മിണ്ടിപോകരുത്. നിങ്ങള്‍ക്ക് അതിനുള്ള അര്‍ഹത നഷ്ടപ്പെട്ടു കഴിഞ്ഞു. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണത്തിനില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം നിയമം കൊണ്ടുവരണമെന്ന് പറഞ്ഞവരാണ് ഇതോടെ ഇളഭ്യരായിരിക്കുന്നത്.

സുപ്രീം കോടതി മൗലികാവകാശമാണെന്ന് വിധിച്ച കാര്യത്തില്‍ നിയമനിര്‍മ്മാണം അസാധ്യമാണെന്ന് അറിയാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 വായിച്ചാല്‍ മാത്രം മതിയാകും. കേശവാനന്ദ ഭാരതി കേസിലെ വിധിയും ആര്‍ട്ടിക്കിള്‍ 14 അടിസ്ഥാന ശിലയാണെന്ന സുപ്രീം കോടതി വിധികളും പരിവാറുകാര്‍ ശരിക്കും പഠിക്കണം. സംസ്ഥാനം നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ്സ് എം.പി ശശി തരൂര്‍ അടക്കമുള്ളവരും ഇനിയെങ്കിലും നിലപാട് തിരുത്താന്‍ തയ്യാറാകണം. ഈ രാജ്യത്ത് ഒരു നിയമമുണ്ട് ആ നിയമത്തിനു മീതെ പ്രവര്‍ത്തിക്കാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല.

എന്തിനായിരുന്നു കേരളത്തില്‍ കലാപ തിരി കൊളുത്തിയതെന്നതിന് സംഘപരിവാര്‍ സംഘടനകള്‍ ഇനി മറുപടി പറയണം. സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിച്ച സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രക്ഷോഭം അഴിച്ചു വിട്ടവരെല്ലാം ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. നൂറു കണക്കിന് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരാണ് സമരത്തിന്റെ ഭാഗമായി അറസ്റ്റിലായി ജയിലിലടക്കപ്പെട്ടത്. നേതൃത്വത്തിന്റെ ആഹ്വാനമനുസരിച്ച് തെരുവില്‍ ഇറങ്ങിയവരാണിവര്‍. വന്‍ നാശനഷ്ടങ്ങളാണ് ആക്രമണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുണ്ടായത്. പ്രതിഷേധക്കാര്‍ ഏറ്റവും ശക്തമായി ഈ ഘട്ടങ്ങളിലെല്ലാം ഉന്നയിച്ചത് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നതായിരുന്നു.

വിശ്വാസികള്‍ക്കിടയിലും ഈ പ്രചരണത്തില്‍ തെറ്റിധാരണയുണ്ടായി. എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നില്ലെന്ന ചോദ്യം ഉയര്‍ത്തി യു.ഡി.എഫും സംഘപരിവാറിനൊപ്പം കൂടി പ്രചരണം അഴിച്ചുവിട്ടു. സര്‍ക്കാര്‍ നിരത്തിയ വാദങ്ങളെ അപ്രസക്തമാക്കുന്ന ക്യാംപെയിനുകളാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം നടത്തിയിരുന്നത്. നാമജപ റാലികളും അയ്യപ്പ ജ്യോതിയും എല്ലാം ഇതിന്റെ ഭാഗമായി രൂപം കൊണ്ടതാണ്. മാര്‍ച്ച് സംഘടിപ്പിച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയും യു.ഡി.എഫും പ്രതിഷേധത്തിന് ശക്തി പകര്‍ന്നു. വിശ്വാസികള്‍ക്കിടയില്‍ തെറ്റിധാരണ പടര്‍ത്താന്‍ ഈ പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ പ്രതിഫലനമാണ് 20 ലോക്്സഭ സീറ്റുകളില്‍ 19 എണ്ണത്തിലും ഉണ്ടായത്.

യഥാര്‍ത്ഥത്തില്‍ വിശ്വാസി സമൂഹത്തെ തെറ്റിധരിപ്പിച്ച് നേടിയ ഒരു വിജയമാണിത്. സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും പത്തനംതിട്ട, ആറ്റിങ്ങല്‍, പാലക്കാട്, തൃശൂര്‍ ലോക്സഭ മണ്ഡലങ്ങളില്‍ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതും ശബരിമല എഫക്ടില്‍ മാത്രമായിരുന്നു. ഇടതുപക്ഷത്തിനെതിരെ ആദ്യ ഓപ്ഷന്‍ വിജയ സാധ്യതയുള്ള യു.ഡി.എഫിന് വിശ്വാസികള്‍ നല്‍കിയതാണ് ബി.ജെ.പിക്ക് നഷ്ടകച്ചവടമായത്.

ഇവിടെ യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെട്ടത് വിശ്വാസി സമൂഹമാണ്. സുപ്രീംകോടതി ഉത്തരവിനെതിരെ നിയമനിര്‍മ്മാണം എന്തുകൊണ്ട് സാധ്യമാകില്ല എന്ന് അവര്‍ക്ക് ഇപ്പോഴാണ് ബോധ്യമായത്. അതിന് കേന്ദ്ര നിയമമന്ത്രി തന്നെയാണ് രംഗത്ത് വരേണ്ടി വന്നിരുന്നത്. ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ ബോധ്യമുണ്ടായിട്ടും കേവലം വോട്ട് തട്ടാന്‍ വേണ്ടി മാത്രമാണ് നിയമനിര്‍മ്മാണ ആവശ്യത്തില്‍ യു.ഡി.എഫും സംഘപരിവാറും ഉറച്ച് നിന്നിരുന്നത്.

വൈകാരികമായ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും ഇടതുപക്ഷവും പറഞ്ഞ പരിമിതി വിശ്വാസി സമൂഹം ഉള്‍കൊണ്ടതുമില്ല. രാഷ്ട്രീയമായി താല്‍ക്കാലിക നേട്ടം കൊയ്യാന്‍ ഈ തെറ്റിധാരണ പ്രതിപക്ഷത്തിന് ഗുണം ചെയ്തെങ്കിലും ഇനി അത് തിരിച്ചടിക്കാനാണ് സാധ്യത. ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാകും. ഏതറ്റം വരെയും പോയി ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി ഇപ്പോള്‍ തന്നെ വെട്ടിലായി കഴിഞ്ഞു.

കേരളത്തില്‍ പൊലീസിനു പറ്റിയ പിഴ എന്നു പറയുന്നത് രഹന ഫാത്തിമയെ പോലുള്ളവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കിയില്ല എന്നത് മാത്രമാണ്. അതാണ് തെറ്റിധരിപ്പിച്ച് ഇടതുപക്ഷ സര്‍ക്കാറിനെതിരായ പ്രക്ഷോഭമായി വളര്‍ത്താന്‍ ഇടയാക്കിയത്. മുന്‍ നിലപാടില്‍ മാറ്റം വരുത്തി ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട എന്ന നിലപാടു സ്വീകരിച്ച സംഘടനയാണ് ആര്‍.എസ്.എസ്. ആര്‍.എസ്.എസ് നിയോഗിച്ച ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിന് പോലും ബോധ്യപ്പെട്ട കാര്യമാണ് കേരളത്തിലെ സംഘപരിവാര്‍ അണികള്‍ക്ക് ഇപ്പോഴും ബോധ്യപ്പെടാതിരിക്കുന്നത്. തുടക്കം മുതല്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു എങ്കില്‍ ഈ ആശയ പ്രതിസന്ധി സംഘപരിവാറിന് ഉണ്ടാകുമായിരുന്നില്ല.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുകൂല തീരുമാനമെടുപ്പിക്കുകയാണ് പ്രതിഷേധക്കാര്‍ ഇനി ചെയ്യേണ്ടത്. അവിടെ നിങ്ങളുടെ വാദം ശരിക്കും ഉന്നയിക്കാനുള്ള അവസരം സുപ്രീം കോടതി തന്നെ നല്‍കിയിട്ടുണ്ട്. കോടതി യുവതീ പ്രവേശനം വേണ്ട എന്ന നിലപാട് സ്വീകരിച്ചാല്‍ വേണം എന്ന നിലപാട് എന്തായാലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. അക്കാര്യം ഉറപ്പാണ്.

സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായം ഒരു പുരോഗമന പ്രസ്ഥാനം എന്ന നിലയില്‍ ഉണ്ടായേക്കാം. അത് സ്വാഭാവികവുമാണ്. കാരണം മനുഷ്യരെ ജാതിയുടേയോ മതത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണുന്ന പ്രത്യയ ശാസ്ത്രമല്ല കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നതാണത്. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ള വിഭാഗങ്ങള്‍ ചുവപ്പിനെ പിന്തുണക്കുന്നവരില്‍ പോലും ഉണ്ടാകും. അത്തരം വിശ്വാസികളെ കൂടി ഒപ്പം നിര്‍ത്തി പോകാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ബലപ്രയോഗം ശബരിമലയില്‍ നടത്തില്ലെന്ന നിലപാട് സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.

പൊലീസ് സംരക്ഷണയില്‍ ആളാവാന്‍ ഏത് യുവതി ശ്രമിച്ചാലും ഇനി നടക്കുകയില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പോലും ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്. യഥാര്‍ത്ഥ ഭക്തരായ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇനി സുപ്രീംകോടതിയാണ് നിലപാട് പറയേണ്ടത്. അതുവരെ കാത്ത് നില്‍ക്കാനുള്ള മനസ്സ് കേരള- കേന്ദ്ര സര്‍ക്കാറുകള്‍ കാണിക്കുകയാണ് വേണ്ടത്. സംഘര്‍ഷമുണ്ടാക്കാന്‍ ശബരിമലയില്‍ എത്തുന്നത് പ്രക്ഷോഭകരായാലും യുവതികളായാലും അനുവദിക്കില്ലെന്ന നിലപാട് ഇതിനകം തന്നെ കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്.

Express View

Top