ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു : ഉമ്മന്‍ചാണ്ടി

oommen chandy

കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. സര്‍ക്കാരിന് താത്പര്യം വനിതാ മതിലാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മലകയറിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇവരേപ്പോലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശബരിമലയില്‍ സമാധാനമുണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ശബരിമലയിലുള്ളത് താലിബാന്‍ മോഡല്‍ അക്രമകാരികളാണ് എന്നും സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും ജയരാജന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാന്തവും സമാധാനവുമായി ശബരിമല ദര്‍ശനം നടന്നു വരികയായിരുന്നു. അതിനെ തകര്‍ക്കാനും കൂടാതെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്നുള്ള സംശയവുമാണുള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

മണ്ഡലപൂജ അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത് നല്ല കാര്യമല്ല. സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണം.

സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തിയിരുന്നു. ഈ വന്ന രണ്ട് യുവതികള്‍ ആക്ടിവിസ്റ്റുകളാണോയെന്ന് അന്വേഷിക്കണം. ഭക്തകളാണെന്ന് വന്നതെന്നുള്ള കാര്യം അവരുടെ ശരീരഭാഷയില്‍ നിന്ന് തോന്നിയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Top