ശബരിമല: ഇപ്പോഴത്തെ വിവാദം ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍- കാനം

kanam rajendran

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് കാനം പറഞ്ഞു.

ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്‌. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിനു കാരണം ശബരിമല വിഷയം കൊണ്ടല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

‘ഒരു മതനിരപേക്ഷ സര്‍ക്കാരുണ്ടാക്കാന്‍ എല്‍.ഡി.എഫിനേക്കാള്‍ പ്രാപ്തമായിട്ടുള്ളത് കോണ്‍ഗ്രസിന് ആണെന്ന് സാധാരണ ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ശബരിമല സമരമാണ് തിരഞ്ഞെടുപ്പില്‍ സജീവ വിഷയമായത് എങ്കില്‍ സമരം ചെയ്ത, ബി.ജെ.പിക്കാര്‍ അല്ലേ ജയിക്കേണ്ടത്. അവര്‍ ജയിച്ചില്ലല്ലോ കാനം പറഞ്ഞു.

സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഇപ്പോള്‍ ശബരിമലയില്‍ ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരിലാണ് പ്രതിപക്ഷം വാദങ്ങള്‍ ഉന്നയിക്കുന്നത് എന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top