ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍എസ്എസ്‌

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും എന്‍.എസ്.എസ്. ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍.എസ്.എസ്. മുഖപത്രമായ സര്‍വീസ്. സര്‍വീസിന്റെ പുതിയ ലക്കത്തിലാണ് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും അതിരൂക്ഷമായി എന്‍.എസ്.എസ്. വിമര്‍ശിക്കുന്നത്

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണകാര്യത്തില്‍ നിര്‍ദേശം നല്‍കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിനോ, നിര്‍ദേശം നല്‍കിയാല്‍ അത് അനുസരിക്കാനുളള ബാധ്യത ബോര്‍ഡിനോ ഇല്ലെന്നിരിക്കേ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഇപ്പോഴത്തെ നിലപാട് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് എന്‍.എസ്. എസ് മുഖപത്രമായ സര്‍വീസിന്റെ പ്രധാന ചോദ്യം. ദേവസ്വം ബോര്‍ഡ് ആക്ടിലെ സെക്ഷന്‍ 4 അനുസരിച്ച് പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുകയെന്ന ഒരു അധികാരം മാത്രമേ സര്‍ക്കാരിനുളളൂ. ഇപ്രകാരം പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുക എന്ന അധികാരമൊഴികെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ ബോര്‍ഡ് പിരിച്ചുവിടാനോ അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സര്‍ക്കാരിന് കഴിയില്ല.

ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം ആക്ടിലെ സെക്ഷന്‍ 9 അനുസരിച്ച് ഹൈക്കോടതിക്ക് മാത്രമാണുളളതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ബോര്‍ഡ് അംഗങ്ങളാകുന്ന വ്യക്തികള്‍ ഹിന്ദു മതത്തില്‍പ്പെട്ടവരും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മാത്രമല്ല, 1999ലെ ഹൈക്കോടതി വിധിയനുസരിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങളായി വരുന്നവര്‍ രാഷ്ട്രീയക്കാരായിരിക്കരുതെന്ന് കൃത്യമായ നിര്‍ദേശമുണ്ട്. രാഷ്ട്രീയക്കാര്‍ ഈ സ്ഥാനത്തേക്ക് കടന്നു വരികയാണെങ്കില്‍ തങ്ങള്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തകരല്ലെന്ന പ്രതിജ്ഞയും എടുക്കണം.എന്നാല്‍ ഇക്കാര്യത്തില്‍ നിലവിലെ ബോര്‍ഡ് അംഗങ്ങളുടെ അവസ്ഥയെപ്പറ്റി അന്വേഷണം നടത്തണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യമുണ്ട്.

ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് എന്‍.എസ്.എസ്. ഉന്നയിക്കുന്നത്. കഴിഞ്ഞ വിജയദശമി ദിവസം പെരുന്നയില്‍ നടത്തിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറഞ്ഞു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. കപട മതേതരവാദം മനസില്‍ വച്ചു നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്നും പൈതൃകമായി നേടിയ വിശ്വാസങ്ങള്‍ നടപ്പിലാക്കുവാന്‍ മുഖ്യമന്ത്രി പിണറായിയുടെ അനുവാദം വേണമെന്നു പറഞ്ഞാല്‍ നടക്കില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. കഴിഞ്ഞ കുറച്ചു നാളുകളായി സമദൂര നിലപാട് തുടരുന്ന എന്‍.എസ്.എസ്. ശബരിമല വിഷയത്തോടെ സമദൂരം ഉപേക്ഷിക്കാനുളള സാധ്യതയും കൂടുകയാണ്

Top