ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം;എന്‍എസ്എസ്

തിരുവനന്തപുരം:ശബരിമല പ്രതിഷേധത്തിലെ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരപരാധികളായ ആളുകള്‍ക്കും, ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് എന്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

എന്നാല്‍, വിശ്വാസ കാര്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ഒരു തീരുമാനം ഇത് വരെ സര്‍ക്കാര്‍ എടുത്തിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എതിര്‍ കക്ഷി തന്നെയാണ്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം കൊണ്ട് വിശ്വാസം സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്.

കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ ഒരു പോലെ പരിഗണിക്കാനുള്ള തീരുമാനത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും ശബരിമലയില്‍ ഒരു ക്രിമിനല്‍ ആക്രമണവും വിശ്വാസികള്‍ നടത്തിയിട്ടില്ലെന്നും ക്രമിനല്‍ കുറ്റമല്ലെന്നും എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. നിവര്‍ത്തിയില്ലാതെ സര്‍ക്കാരിന് എടുക്കേണ്ടി വന്ന തീരുമാനമാണിതെന്ന് കരുതുന്നതായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു.

Top