ശബരിമല പ്രതിഷേധങ്ങള്‍ മാത്രം അരങ്ങേറിയ നിയമസഭാ സമ്മേളനം അവസാനിച്ചു

തിരുവനന്തപുരം: ശബരിമല പ്രതിഷേധങ്ങള്‍ മാത്രം അരങ്ങേറിയ നിയമസഭാ സമ്മേളനം അവസാനിച്ചു. സമ്മേളനം പൂര്‍ത്തിയാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിന്റെ തുടക്കം മുതല്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

സമ്മേളനത്തില്‍ ആദ്യദിനം തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയമായി വിഷയം സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ മൂന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ കവാടത്തില്‍ നിരാഹാരം തുടങ്ങി. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സമരം നടത്തിയത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടായിരുന്നു എംഎല്‍എമാരുടെ സത്യഗ്രഹ പ്രതിഷേധം. സമരം അവസാനിപ്പിക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കാതിരുന്നതോടെ പ്രതിപക്ഷം സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തി.

സ്പീക്കറുടെ നിലപാടിനെയും പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിനിടെ ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ നിരാഹാര സത്യാഗ്രഹ സമരം നടത്തി. ബുധനാഴ്ച പി.സി.ജോര്‍ജ് എം.എല്‍.എ ഉള്‍പ്പെടെ എത്തി പത്മനാഭന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.

ഇതിനെല്ലാം പുറമേയാണ് സമ്മേളനത്തിന്റെ അവസാന ദിനം വര്‍ഗീയ മതില്‍ എന്ന പരാമര്‍ശത്തിന്റെ പേരില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ കൈയാങ്കളി നടത്തിയത്. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെയാണ് മുനീര്‍ വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം നടത്തിയത്. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ് പ്രതിഷേധം തുടങ്ങുകയായിരുന്നു. പിന്നാലെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ടു പുറത്തുപോകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ഭരണപക്ഷ അംഗങ്ങള്‍ എത്തിയതോടെയാണ് ഉന്തും തള്ളുമായത്. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

അതേസമയം നിയമസഭ നടത്തിക്കൊണ്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തി സഭ നടത്തിക്കൊണ്ട് പോകാനാകില്ല. വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Top