ശബരിമലയില്‍ ഒമ്പതു യുവതികള്‍ ദര്‍ശനം നടത്തിയതായി പൊ​ലീ​സ്

തിരുവനന്തപുരം: ഒമ്പതു യുവതികള്‍ ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയതായി പൊലീസ്. ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 50 വയസില്‍ താഴെയുള്ള ഒന്‍പതു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പൊലീസ് ഉന്നതര്‍ അറിയിച്ചു.

മലേഷ്യയില്‍ നിന്നു മൂന്നു യുവതികള്‍ ഇന്നലെ പോലീസ് സഹായത്തോടെ ദര്‍ശനം നടത്തി. 25 അംഗ മലേഷ്യന്‍ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. അതേസമയം, ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണു നിര്‍ദേശം.

പാരീസില്‍ സ്ഥിര താമസമാക്കിയ നാല്പത്തേഴു വയസുള്ള ശശികലയെന്ന ശ്രീലങ്കന്‍ യുവതി വ്യാഴാഴ്ച രാത്രി നട അടയ്ക്കുന്നതിനു തൊട്ടു മുന്‍പാണു ദര്‍ശനം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയ ശേഷമാണു വ്യാപകമായി യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പൊലീസും സര്‍ക്കാരും രംഗത്ത് വന്നിരിക്കുന്നത്.

Top