ശബരിമലയിലേക്ക് ഇന്നുമുതല്‍ ഭക്തരെത്തും

പമ്പ: തുലാമാസ പൂജകള്‍ക്കായി ഇന്നുമുതല്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കും. 250 പേര്‍ക്ക് മാത്രമാണ് പ്രതിദിനം പ്രവേശനം. കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവില്‍ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം വേണം. ഭക്തരുടെ ആരോഗ്യസംരക്ഷണം കരുതിയാണിതെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. മല കയറുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ ദര്‍ശനത്തിനായി പോകുമ്പോഴും, താഴെ പമ്പയിലും മറ്റ് പ്രദേശങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും വയ്ക്കണം. ഭക്തര്‍ കൂട്ടം കൂടി മല കയറരുത്.

നിലയ്ക്കലില്‍ വച്ചാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തും. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയുള്ള വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. പമ്പയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പകരം പമ്പയില്‍ 20 ഷവറുകള്‍ സ്ഥാപിച്ചു. ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനും പ്രസാദം സ്വീകരിക്കാനും കഴിയില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത്.

Top