കര്‍ക്കടകമാസ പൂജകള്‍ക്ക് ശബരിമല നട തുറന്നു

പത്തനംതിട്ട: ശബരിമല ക്ഷേത്രനട തുറന്നു. കര്‍ക്കടകമാസ പൂജകള്‍ക്കായി വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ആണ് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചത്.ശേഷം തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി തെളിച്ചതോടെ ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തര്‍ ശരണം വിളികളുമായി പതിനെട്ടാം പടി കയറി തുടങ്ങി.നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും.

കര്‍ക്കടകം ഒന്നായ 17-7-19 ന് രാവിലെ 5.30 ന് നട തുറക്കും. തുടര്‍ന്ന് അഭിഷേകം. ശേഷം നെയ്യഭിഷേകം.5.45 ന് മഹാഗണപതി ഹോമം. തുടര്‍ന്ന് പതിവ് പൂജകള്‍ നടക്കും. നട തുറക്കുന്ന 17-7-19 മുതല്‍ 21-7-19 വരെ ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.7-8-19 ന് നടക്കുന്ന നിറപുത്തരി പൂജയ്ക്കായി 6-8-19 ന് വൈകുന്നേരം ക്ഷേത്ര നട തുറക്കും.

Top