നട തുറന്നു; ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകുന്നേരം തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

ഇന്ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറന്നു. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടന്നും. 5.15 ന് മഹാഗണപതി ഹോമം. രാവിലെ 7.30 ന് ഉഷപൂജ. തുടര്‍ന്ന് ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും നടക്കും.

ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21.8.19 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. 13.9.19 ന് രാത്രി പത്തിന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.

Top