മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; വന്‍ ഭക്തജന തിരക്ക്, സുരക്ഷ ശക്തം

ശബരിമല: മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. വൈകിട്ട് ആറരയ്ക്കാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കും. മകരജ്യോതി കണ്ടുതൊഴാന്‍ ശബരിമലയിലും പരിസരങ്ങളിലുമായി പര്‍ണശാലകളൊരുക്കി ഭക്തര്‍ നിറഞ്ഞിരിക്കുകയാണ്.

ശക്തമായ സുരക്ഷയൊരുക്കി പൊലീസും വമ്പിച്ച സജ്ജീകരണങ്ങളുമായി ദേവസ്വം ബോര്‍ഡും മകരവിളക്കിനൊരുങ്ങിക്കഴിഞ്ഞു.

പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, ബുധനാഴ്ച വൈകീട്ട് 5.15-ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിക്കും.

ക്ഷേത്രസന്നിധിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് 6.30-ന് പൊന്നമ്പലവാസന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന നടത്തും. ബുധനാഴ്ച ഒരുമണിക്ക് ക്ഷേത്ര നട അടയ്ക്കും. വൈകീട്ട് അഞ്ചുമണിക്ക് നട തുറക്കും.

സംഗീതസംവിധായകന്‍ ഇളയരാജയ്ക്ക് ഹരിവരാസനം അവാര്‍ഡും ഇന്ന് സന്നിധാനത്ത് സമ്മാനിക്കും. അവാര്‍ഡ് വാങ്ങാനെത്തിയ ഇളയരാജ പുലര്‍ച്ചെ ദര്‍ശനം നടത്തി.

Top