ശബരിമല വിധി നടപ്പാക്കുക സമവായത്തിന് ശേഷം മാത്രം; എം എ ബേബി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ജനങ്ങള്‍ക്ക് മേല്‍ ബലാത്ക്കാരമായി നടപ്പാക്കാന്‍ ശ്രമിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതിയ സത്യവാങ്മൂലത്തിന് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് സര്‍ക്കാരാണ് തുടര്‍ന്ന് അധികാരത്തില്‍ വരുന്നതെങ്കില്‍ ശബരിമലയിലെ വിധി എല്ലാവരുമായും സമവായത്തിലെത്തിയ ശേഷം മാത്രമാണ് നടപ്പാക്കുക. അതേസമയം, സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് ബേബി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എം വി ഗോവിന്ദന്റെ നീണ്ട പ്രസംഗത്തില്‍ ചിലഭാഗം മാത്രമെടുത്താണ് ചര്‍ച്ചകളും വിശകലനങ്ങളും നടക്കുന്നത്. ഓരോ രാജ്യത്തെയും സവിശേഷതകള്‍ക്കനുസരിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതെന്നും എം എ ബേബി വ്യക്തമാക്കി. മതവിശ്വാസവും ദൈവവിശ്വാസവും കമ്മ്യൂണിസ്റ്റുകള്‍ക്ക് നിഷിദ്ധമല്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Top