ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ വന്നിരിക്കാമെന്ന് കെ പി ശങ്കരദാസ്

sabarimala

പമ്പ: ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ വന്നിരിക്കാമെന്ന് ദേവസ്വംബോര്‍ഡംഗം കെ പി ശങ്കരദാസ്. സുപ്രീംകോടതി വിധിപ്രകാരം അതിന് അവര്‍ക്ക് അവകാശമുണ്ടെന്നും വേണ്ട സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ടെന്നും കെ പി ശങ്കരദാസ് പറഞ്ഞു. പത്രസമ്മേളനം നടത്തി പ്രശ്‌നമുണ്ടാക്കാനല്ല അവര്‍ വരുന്നതെന്നും കെ പി ശങ്കരദാസ് വ്യക്തമാക്കി.

അതേസമയം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്തിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇതിന്റെ വിശദമായ പട്ടികയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. 7564 യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നെന്നും കടകംപള്ളി പറഞ്ഞു.

എന്നാല്‍ ഇവര്‍ ഏത് വഴിയാണ് പോയതെന്ന ചോദ്യത്തിന്, അവര്‍ക്ക് സൗകര്യമുള്ള വഴി പോയിക്കാണുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. അതൊന്നും സര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയമല്ല. സെപ്റ്റംബര്‍ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം അവിടെയുണ്ടായിട്ടില്ല. വലിയ വാര്‍ത്താ സമ്മേളനം ഒക്കെ നടത്തി വന്നവരെ പ്രതിഷേധക്കാര്‍ തടഞ്ഞിട്ടുണ്ടാകും. അല്ലാതെ വന്ന ഭക്തര്‍ സുഗമമായി മലകയറി മടങ്ങിയെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഈ പട്ടികയില്‍ യുവതികളുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്.

Top