ശതം സമര്‍പ്പയാമിക്ക് പണം കൊടുത്തു; ഗുണം ലഭിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കര്‍മ സമിതിക്ക് വീണ്ടും തിരിച്ചടി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തെത്തിക്കാനുള്ള ധനസമാഹരണത്തിലാണ് കര്‍മ സമിതിക്ക് എട്ടിന്റെ പണികിട്ടിയത്.

ശബരിമല കര്‍മ സമിതി തുടങ്ങിയ ശതംസര്‍പ്പയാമി ക്യാംപയിനിലൂടെ കര്‍മ സമിതിയ്ക്ക് അയച്ച പണത്തില്‍ ഏറെയും എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്.ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ പോസ്റ്റുകളാണ് പണിയായത്. നിരവധി പേര്‍ ഈ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയും ചെയ്തു.

ഏതായാലും അക്കിടി തിരിച്ചറിഞ്ഞതോടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്ബര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Top