ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് കര്‍മ്മസമിതി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിപ്പിടിക്കാന്‍ നീക്കം നടത്തി ശബരിമല കര്‍മ്മസമിതി. നോട്ടീസുകളും ഫ്‌ളക്‌സുകള്‍ക്കും പുറമേ നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി.

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കര്‍മ്മസമിതിയുടെ മുദ്രാവാക്യം. സംസ്ഥാനമാകെ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചും വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് പ്രചരണം നടത്തുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാര്‍ത്ഥികളേക്കുറിച്ചോ നോട്ടീസില്‍ പരാമര്‍ശമൊന്നും ഇല്ല. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പിന്നാലെയാണ് നാളെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള നാമജപപ്രതിഷേധം. ശബരിമല സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കള്ളക്കേസുകള്‍ എടുക്കുന്നു എന്ന പേരിലാണ് പ്രതിഷേധം.

അതേസമയം സമിതിക്കെതിരെ ഇടതുമുന്നണി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.കര്‍മ്മസമിതി പ്രചരണം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നോട്ടീസില്‍ തെരഞ്ഞെടുപ്പിനേക്കുറിച്ച് ഒന്നും നേരിട്ട് പറയാത്തത് തന്ത്രമാണന്നും, വോട്ടര്‍മാരെ ദൈവത്തിന്റെ പേരില്‍ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദശമെന്നും ആണ് പരാതി.

അതേസമയം പോസ്റ്ററുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍മ്മസമിതി. അതിന്റെ പേരില്‍ ആര്‍ക്കും നടപടി എടുക്കാനാവില്ല. സമിതിയുമായി ബന്ധമൊന്നമില്ലെന്ന നിലപാട് ബിജെപിയും ആവര്‍ത്തിക്കുന്നു.

Top