അയ്യപ്പജ്യോതി: അക്രമങ്ങള്‍ക്കെതിരെ ശബരിമല കര്‍മ സമിതി പ്രതിഷേധ ദിനം ആചരിക്കും

പന്തളം: അയ്യപ്പജ്യോതി തെളിയിക്കാനെത്തിയവര്‍ക്ക് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും അടക്കം അയ്യപ്പജ്യോതി തെളിയിക്കാനെത്തിയവര്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. ബസുകളടക്കം നാല് വാഹനങ്ങള്‍ കല്ലേറില്‍ തകരുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പയ്യന്നൂര്‍ കണ്ടോത്ത് വെച്ച് പ്രചാരണ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരിവെള്ളൂരിലും കോത്തായിയിലും വെച്ച് പ്രവര്‍ത്തകരെത്തിയ ബസുകള്‍ക്ക് നേരെ അക്രമണമുണ്ടായി. പുറമെ പെരുമ്പ ഓണക്കുന്ന്, കോത്തായിമുക്ക്, എന്നിവിടങ്ങലിലും അക്രമം നടന്നു.

ദീപം തെളിക്കാന്‍ കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നടക്കം എത്തിയവര്‍ക്കാണ് സംഘടിച്ചെത്തിയവരുടെ അക്രമത്തില്‍ പരിക്കേറ്റത്.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.

Top