കേരള പൊതുസമൂഹത്തെ മുഖ്യമന്ത്രി ചതിച്ചെന്ന് ശബരിമല കര്‍മ്മ സമിതി

പത്തനംതിട്ട: കേരള പൊതുസമൂഹത്തെ മുഖ്യമന്ത്രി ചതിച്ചെന്ന് ശബരിമല കര്‍മ്മ സമിതി. യുവതീ പ്രവേശനത്തിനെതിരെ കടുത്ത പ്രക്ഷോഭം ഉണ്ടാകുമെന്നും പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

അതേസമയം ഒരു വലിയ ജനവിശ്വാസത്തിന്റെ മനസിനെ മുറിവേല്‍പ്പിച്ചാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സംഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതെന്ന് കെ. സുധാകരന്‍ പറഞ്ഞു. ക്ഷേത്ര ആചാരങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന തെറ്റായ സമീപനം ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും നവോത്ഥാനത്തിന്റെ എ.ബി.സി.ഡി കേരളത്തിലെ മുഖ്യമന്ത്രിക്കറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

വനിതാ പ്രവേശനം നടന്നു എന്നു പറയാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ യഥാര്‍ത്ഥ രീതിയില്‍ അല്ല യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതെന്നും പറഞ്ഞു. അചാരലംഘനം നടന്നോ എന്ന ചോദ്യത്തിന്, സന്നിധാനത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച ശേഷം മാറ്റുകാര്യങ്ങള്‍ പറയാമെന്ന് സുധാകരന്‍ വ്യക്തമാക്കി. നീചവും നികൃഷ്ടവുമായ സമീപനമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്നിധാനത്തെത്തി ദര്‍ശനം നടത്തുന്നതിന് ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കിയെന്നും ഇത്തവണ തടസങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top