ശബരിമല കര്‍മ്മസമിതി കോര്‍ കമ്മിറ്റി യോഗം കൊച്ചിയില്‍ തുടങ്ങി

കൊച്ചി: യുവതി പ്രവേശം, ഹര്‍ത്താല്‍ തുടങ്ങി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല കര്‍മ്മസമിതി കോര്‍ കമ്മിറ്റി യോഗം കൊച്ചിയില്‍ തുടങ്ങി. തുടര്‍ സമരത്തില്‍ തീരുമാനം എടുക്കും. തിരുവനന്തപുരത്ത് അമ്മമാരുടെ സമ്മേളനം, രഥയാത്ര എന്നിവയ്ക്കും ആലോചനയുണ്ടെന്നാണ് വിവരം.

ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ശബരിമല കര്‍മ്മസമിതി അധ്യക്ഷന്‍ എസ്.ജെ ആര്‍ കുമാര്‍ ആരോപിച്ചു. പൊലീസും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് അക്രമം നടത്തിയെന്നും തീവ്രവാദ സ്വഭാവമുള്ളവരാണ് ഇതിനുപിന്നിലെന്നും സമിതി അധ്യക്ഷനും വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യാപക അക്രമം തുടരുന്നു. ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റില്‍. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ വരെയുളള കണക്കാണിതെന്ന് ഡിജിപി അറിയിച്ചു.

അടൂരിലും തിരുവനന്തപുരത്തും ബിജെപി സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം ഉണ്ടായി. സി.പി.ഐഎമ്മുകാരുടെ വീടുകളാണ് നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത്. കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെയായിരുന്നു ആക്രമണമുണ്ടായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റൂറല്‍ എസ്.പി നെടുമങ്ങാട് ക്യാംപ് ചെയ്യുകയാണ്.

പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ന്നത്.

Top