ആചാര ലംഘനത്തിന് ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന; ശബരിമല കര്‍മ്മസമിതി

കൊച്ചി: യുവതികള്‍ ആചാര ലംഘനത്തിന് ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ശബരിമല കര്‍മ്മസമിതി. ആചാരലംഘനം നടത്താന്‍ യുവതികളെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആക്ടിവിസ്റ്റുകളെ ഉടന്‍ മടക്കി അയക്കാന്‍ വേണ്ട നപടിയെടുക്കുന്നില്ലെന്നും കര്‍മ്മസമിതി കുറ്റപ്പെടുത്തി.

ആക്ടിവിസ്റ്റുകളെ മടക്കി അയക്കാന്‍ കേരള സര്‍ക്കാരും പോലീസും തയ്യാറാകണം. മടങ്ങിപ്പോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ കേരള സര്‍ക്കാരും പോലീസും തയ്യാറാകണമെന്നും കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

അതേസമയം ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ അത് രേഖാമൂലം എഴുതിനല്‍കണമെന്ന് തൃപ്തി പറഞ്ഞു. ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്ന.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലെ കോടതി വിധിയില്‍ അവ്യക്തതയുണ്ട്, അത് പരിഹരിച്ച് മതി യുവതീ പ്രവേശന നടപടികളെന്ന് സര്‍ക്കാരും നിലപാട് എടുത്തിട്ടുണ്ട്.

രാത്രിയിലുള്ള വിമാനത്തില്‍ സുരക്ഷിതരായി തൃപ്തിയേയും സംഘത്തെയും തിരിച്ച് അയക്കാമെന്നാണ് പൊലീസിന്റെ നിലപാട്. ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതോടെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.

Top