കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ അനുമതി

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനക ദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു.

ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുന്നത്.

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു ഭര്‍തൃവീട്ടുകാര്‍. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്.

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകളടക്കം ഇന്നലെ കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്

Top