കെ. സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രനെ ഇന്ന് കണ്ണൂരില്‍ ഹാജരാക്കും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ കോഴിക്കോട് എത്തിച്ചിരുന്നു. ജയില്‍ മാറണമെന്നതടക്കമുള്ള സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിച്ചേക്കും.

ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

Top