ശബരിമല വിഷയം; സിപിഎമ്മിന്റെ തനിനിറം പുറത്തുവന്നെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സിപിഎമ്മിന്റെ തനിനിറം പുറത്തുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപ്പറഞ്ഞു. സുപ്രീം കോടതിയല്ല, സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കുകയാണു വേണ്ടത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ എന്നു ജനങ്ങളോടു പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

64 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. 69 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ പട്ടിക നാളെ നല്‍കും. 4 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കും. ഭരണകക്ഷിയെ സഹായിക്കാനായി നടത്തിയ അട്ടിമറിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.

 

Top