സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കുന്നതിന്റെ പരിമിതികളാണ് താന്‍ പറഞ്ഞത് : കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കുന്നതിന്റെ പരിമിതികളാണ് പറഞ്ഞതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും വിധിക്ക് വ്യത്യസ്തമായ നിലപാട് എടുക്കാന്‍ മന്ത്രിമാര്‍ക്കെന്നല്ല ആര്‍ക്കും അധികാരമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രിമാര്‍ പറയേണ്ടതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ പൊലീസ് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതിരുന്നത് അവര്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതുകൊണ്ടാണ്. ദര്‍ശനം നടത്താനെത്തിയ യുവതികള്‍ സ്വയം മടങ്ങിപ്പോകുകയായിരുന്നു. ദര്‍ശനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും പൊലീസ് ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top