ശബരിമല : നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ബഹളംവെക്കുന്നതെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരണവുമായി ജി സുധാകരന്‍. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ബഹളംവെക്കുന്നത്. അല്‍പമെങ്കിലും പിന്തുണയുള്ളത് എന്‍എസ്എസിന് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുന്നത് ശരയല്ലെന്നും തമ്പുരാന്‍ മനോഭാവം തിരികെ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തില്‍ നിന്നും ബിജെപിയടക്കം പിന്‍മാറണമെന്നും മന്ത്രി പറഞ്ഞു.

എന്‍എസ്എസ് റിവ്യൂ ഹര്‍ജി നല്‍കിയത് നല്ല തീരുമാനമാണ്. അതില്‍ നടപടി വരുന്നത് വരെ വിശ്വാസികള്‍ കാത്തിരിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രതിഷേധിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും. രാഷ്ട്രീയ സമരം ആണെന്ന് അറിയാതെ പ്രതിഷേധത്തിന് ഇറങ്ങുന്നവര്‍ പിന്‍മാറണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

Top