ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നയമോ നിലപാടോ ഇല്ലെന്ന് ബൃന്ദ കാരാട്ട്

brindakarat

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നയമോ നിലപാടോ ഇല്ലെന്ന് ആരോപണവുമായി സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസ് രാവിലെ ആര്‍എസ്എസിന്റെ ഭാഷയിലും വൈകീട്ട് മുസ്ലീം ലീഗിന്റെ ഭാഷയിലും സംസാരിക്കുന്നുവെന്നും ബൃന്ദ കാരാട്ട് വനിതാ മതില്‍ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം വനിതാ മതിലിലൂടെ ലോകചരിത്രത്തിന്റെ നെറുകയിലേക്ക് കേരളം ഉയര്‍ന്നുവെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തെ ഭ്രാന്താലയം ആക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കേരളത്തിലുടനീളം സംഘടിച്ച് ഉയര്‍ത്തിപ്പിടിച്ച വനിതാ മതില്‍. ആളുകളെ ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് വനിതാ മതിലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

വനിതാ മതില്‍ വര്‍ഗീയമതിലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും ആക്ഷേപങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മതില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും സ്ത്രീപുരുഷ സമത്വവും ഉറപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ത്തത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് മതിലില്‍ പങ്കെടുക്കാന്‍ എത്തിയത്. അണിനിരന്നവര്‍ നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ത്തത്. 3.45 ന് മതിലിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നു.

വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നല്‍കുകയാണ് സര്‍ക്കാര്‍. വനിതാ മതിലിന് പിന്തുണയുമായി വിഎസ് അച്യുതാനന്ദനും എത്തിയിരുന്നു.

എസ്എന്‍ഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ത്തത്.

തിരുവനന്തപുരത്ത് പ്രതിജ്ഞക്ക് ശേഷം നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വിവിധ ജില്ലകളില്‍ മന്ത്രിമാരും നേതാക്കളും പിന്തുണയി എത്തിയിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും മതിലില്‍ പങ്കെടുക്കാനെത്തി.

കാല്‍ ലക്ഷത്തോളം സ്‌ക്വാഡുകള്‍ 70 ലക്ഷത്തിലധികം വീടുകളില്‍ സന്ദര്‍ശനം നടത്തി സന്ദേശമെത്തിച്ചിരുന്നു. ഏഴായിരത്തിലധികം പ്രചാരണജാഥകളും നടന്നിരുന്നു.

Top