ശബരിമല പ്രശ്‌ന പരിഹാരം ; സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനപ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് നടക്കും.

നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളുടെയും നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്നാകും യോഗത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം.

മണ്ഡല-മകരമാസ പൂജകള്‍ക്കായി നടതുറക്കുന്നതാേടെ നീണ്ട തീര്‍ത്ഥാടന കാലത്തിനാണ് അടുത്ത ദിവസം ശബരിമലയില്‍ തുടക്കം കുറിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ഈ കാലയളവില്‍ മുമ്പ് നടതുറന്നപ്പോള്‍ ഉണ്ടായത് പോലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിക്കൂടാ എന്നാണ് സര്‍ക്കാര്‍ നിലപാട്.

യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചതോടെ സര്‍ക്കാറിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. പക്ഷെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സര്‍ക്കാറിന് മുന്നിലുണ്ട്.

Top