നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ക്ക് ആപ്പ് ! വരുന്നത് ഐ.പി.എസ് പുലികള്‍ . . .

തിരുവനന്തപുരം:നിലയ്ക്കലില്‍ പ്രതിഷേധക്കാരെ നിലയ്ക്കു നിര്‍ത്താന്‍ പവര്‍ഫുള്‍ ഐ.പി.എസുകാരെ നിയോഗിച്ച് പൊലീസ് ചീഫ്.

തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര എന്നിവരാണ് നിലയ്ക്കലില്‍ ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നവരില്‍ പ്രമുഖര്‍.

ശക്തമായ പൊലീസ് ആക്ഷനുകളിലൂടെ ശ്രദ്ധേയരായ ഐ.പി.എസ് ഓഫീസര്‍മാരാണ് മനോജ് എബ്രഹാമും യതീഷ് ചന്ദ്രയും. എസി റൂമിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഓഫീസര്‍മാരില്‍ നിന്ന് വ്യത്യസ്തരാണ് ഈ ഉദ്യോഗസ്ഥര്‍.

സംഘര്‍ഷമുഖത്ത് നേരിട്ടിറങ്ങി പൊലീസ് നടപടിക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരായതിനാല്‍ സേനക്കകത്തും വലിയ പിന്തുണ ഇവര്‍ക്കുണ്ട്.

വ്യക്തിപരമായ നിലപാടുകള്‍ എന്തുതന്നെ ആയാലും ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിറവേറ്റുന്ന കാര്യത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതാണ് ഇവരുടെ രീതി. ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തമായപ്പോള്‍ അവരെ അടിച്ചോടിച്ചത് ഐ.ജി മനോജ് എബ്രഹാം നേരിട്ട് രംഗത്തിറങ്ങിയതോടെയാണ്.

YATHESH

കളം പൊലീസിന്റെ നിയന്ത്രണത്തിലാക്കാന്‍ വഴി ഒരുക്കിയത് ഈ പൊലീസ് നടപടിയായിരുന്നു. ഏറെ പ്രതിഷേധവും ഭീഷണിയും നിയമം നടപ്പാക്കിയതിന്റെ പേരില്‍ ഐ.ജി മനോജ് എബ്രഹാമിന് നേരിടേണ്ടിയും വന്നു. തിരുവനന്തപുരം റേഞ്ച് ഐ.ജി കൂടിയായ മനോജ് എബ്രഹാമിന്റെ അധികാര പരിധിയില്‍ വരുന്ന ജില്ലയാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ല. സാധാരണ പ്രത്യേക ചുമതല ലോക്കല്‍ ഐ.ജിക്ക് ഇവിടെ ആവശ്യമില്ലെങ്കിലും പൊലീസ് ആസ്ഥാനം ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ നിലയ്ക്കലില്‍ മനോജ് എബ്രഹാമിന് പ്രത്യേക ചുമതല നല്‍കിയിരിക്കുകയാണ്.

യുവതികളെ തടയാന്‍ പ്രതിഷേധക്കാര്‍ എത്തുന്നതും സംഘടിക്കുന്നതും നിലയ്ക്കലില്‍ ആയതിനാല്‍ പഴുതടച്ച സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. സന്നിധാനത്ത് എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെക്കു പുറമെ യുവ ഐ.പി.എസുകാരായ കണ്ണൂര്‍ എസ്.പി ശിവവിക്രത്തിനും, മലപ്പുറം എസ്.പി പ്രതീഷ് കുമാറിനും ചുമതല നല്‍കിയിട്ടുണ്ട്. പമ്പയില്‍ കോട്ടയം എസ്.പിയായ ഹരിശങ്കറിനാണ് പ്രധാന ചുമതല.

5,200 പൊലീസുകാരെയാണ് ശബരിമലയില്‍ നിയോഗിക്കുന്നത്. ഇതിനു പുറമെ ഏതു സാഹചര്യവും നേരിടാന്‍ കമാന്‍ണ്ടോകള്‍ ഉള്‍പ്പെടെയുള്ള സായുധ വിഭാഗത്തെയും തയ്യാറാക്കി നിര്‍ത്തും. വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് നിലയ്ക്കലിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക.

12 മുതല്‍ നിലക്കലില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പമ്പയിലേക്ക് പോകാന്‍ അനുവദിക്കും. ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായിയുടെ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാറിനും പൊലീസിനും മുന്നിലുള്ള പ്രധാന വെല്ലുവിളി.

manoj abrahan main original

മുന്‍പ് ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയ യുവതികളുടെ നിലപാടല്ല തൃപ്തിയുടേത്. അവര്‍ക്ക് അതൃപ്തി ഉണ്ടായാല്‍ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതിയില്‍ നടപടി നേരിടേണ്ടി വരുമെന്നത് പൊലീസിനെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.

സംഘപരിവാര്‍ ആകട്ടെ എന്തുവന്നാലും ഒരു യുവതിയെ പോലും പതിനെട്ടാം പടി കയറ്റിക്കില്ലെന്ന വാശിയിലുമാണ്. ഇരു വിഭാഗങ്ങളും വലിയ തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടത്തിവരുന്നത്. മണ്ഡലകാലത്ത് സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക് ഒഴുകുമെന്നതിനാല്‍ സുരക്ഷ ചുമതല പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

Top