sabarimala incident kadakampally’s statement

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ബാരിക്കേഡ് തകര്‍ന്ന് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ദേവസ്വം ബോര്‍ഡ് സമുച്ചയത്തില്‍ നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതലും ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള ശാസ്ത്രീയ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് അപകടമുണ്ടാകുമ്പോള്‍ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പൊലീസുകാരും ഉള്‍പ്പെടെ 71 പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അപകട സ്ഥലത്ത് മാത്രം ഒമ്പതു പേരുണ്ടായിരുന്നു.

ദീപാരാധനയ്ക്കു ശേഷം നടതുറന്നപ്പോഴുണ്ടായ തിക്കും തിരക്കും കാരണമാണ് ബാരിക്കേഡ് ചരിഞ്ഞത്. ചിലര്‍ വീണപ്പോള്‍ അവരെ ചവിട്ടി മറ്റുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് പരിക്കേറ്റവരുടെ എണ്ണം കൂടാന്‍ കാരണം. എന്തായാലും സംഭവം എത്രയും വേഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ 40 ദിവസമായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ കാര്യങ്ങള്‍ നല്ലനിലയില്‍ കൈകാര്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനും വിവിധ വകുപ്പുകള്‍ക്കും കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

Top