ശബരിമല ; ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 25 ാം ദിവസത്തിലേക്ക്

തിരുവനന്തപുരം : ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 25 ാം ദിവസത്തിലേക്ക് കടന്നു.

അതേസമയം ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കുന്നതിനും സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് നിരാഹാരമനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

10 നും 50നും ഇടയിലുള്ള സ്ത്രീകളെ എങ്ങനെയെങ്കിലും മല കയറ്റാനാണു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. അതിനെ എന്തുവിലകൊടുത്തും വിശ്വാസി സമൂഹം നേരിടുന്ന കാഴ്ചയാണു കാണുന്നത്. ആചാരസംരക്ഷണത്തിനായി സ്ത്രീകള്‍ അണിനിരന്ന് അയ്യപ്പജ്യോതി തെളിയിച്ചത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്.

നാടിന്റെ സംസ്‌കാരവും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രസക്തി നഷ്ടമായെന്നും അയ്യപ്പജ്യോതിയില്‍ അണിനിരന്ന സ്ത്രീകളുടെ വികാരമാണു കേരളത്തിന്റെ മനസെന്നും അവര്‍ വ്യക്തമാക്കി.

Top