ശബരിമല മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ആലുവയില്‍; ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും

sabarimala

ആലുവ: ശബരിമല മേല്‍നോട്ട സമിതിയുടെ ആദ്യ യോഗം ആലുവയില്‍ ആരംഭിച്ചു. ഹൈക്കോടതി നിയോഗിച്ച സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, എ.ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവര്‍ക്ക് പുറമേ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ആദ്യ 13 ദിവസത്തെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 31 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക്.

ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലത്തെ ആദ്യ 13 ദിവസങ്ങളില്‍ ആകെ 19.37 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50.58 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. കാണിക്ക വരുമാനം കുറഞ്ഞതിന് പുറമേ അപ്പം, അരവണ വില്‍പന കുറഞ്ഞതും വരുമാനത്തെ ബാധിച്ചിട്ടുണ്ട്.

ശബരിമലയില്‍ സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ടു തയാറാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം എത്തിയ ബിജെപി ദേശീയ സംഘം കേരളത്തിലെത്തി. സംഘം 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോര്‍ കമ്മിറ്റി യോഗത്തിനുശേഷം ശബരിമല കര്‍മസമിതി നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും.

Top