ശബരിമല ; ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

kadakampally-surendran

തിരുവനന്തപുരം: ശബരിമലയിലെ പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നതെന്നും നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പമ്പയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് സൂചന. നേരത്തെ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട് പ്രതിഷേധം കണക്കിലെടുത്ത് മടങ്ങി പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനിതി അംഗങ്ങള്‍ അത് തള്ളുകയായിരുന്നു.

പമ്പ എസ്‌ഐ അല്ലാതെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല. പ്രതിഷേധം കനക്കുകയും മനിതി അംഗങ്ങള്‍ നിലപാടിലുറച്ച് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടു കൂടുതല്‍ സേന ഇവിടെ എത്തുമെന്നാണ് സൂചന.

അതേസമയം ദര്‍ശനം നടത്താന്‍ വയനാട്ടില്‍നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക് യാത്ര തിരിച്ചു. കോട്ടയത്തുനിന്നാണ് അമ്മിണി പുറപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്നും അമ്മിണി അറിയിച്ചു.

ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ക്രമസമാധാന പ്രശ്‌നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ് ഭക്തരല്ല. മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്താനുണ്ട്. അവര്‍ എത്തിയതിന് ശേഷം മലകയറുമെന്നും അമ്മിണി പറഞ്ഞു.

ഇതിനിടെ ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വിയും വ്യക്തമാക്കി. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി ശെല്‍വി പറഞ്ഞു.

Top