ശബരിമല യുവതീപ്രവേശനം; നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹിന്ദു പരിഷത്ത്

harthal

തിരുവനന്തപുരം: യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് ശബരിമല കർമ്മസമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

നാളെ ജനകീയ ഹര്‍ത്താല്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടി മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളാണ് ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.

ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

Top