കട തുറന്നവരോട് പകരം വീട്ടാൻ കേന്ദ്ര ഭരണം ഉപയോഗിക്കാന്‍ ബി.ജെ.പി നീക്കം . . .

കൊച്ചി: ഹര്‍ത്താല്‍ പൊളിക്കാന്‍ ഇറങ്ങിയ കച്ചവടക്കാര്‍ക്ക് പണി കൊടുക്കാന്‍ ബി.ജെ.പി നീക്കം. സി.പി.എമ്മിന്റെ ചട്ടകമായി കടകള്‍ തുറന്ന കച്ചവടക്കാരെ കേന്ദ്ര ഭരണം ഉപയോഗിച്ചാണ് മറുപടി കൊടുക്കാന്‍ ഒരുങ്ങുന്നത്.

എറണാകുളം പെന്റ ഷോപ്പിങ് മാളടക്കം തുറന്നു പ്രവര്‍ത്തിച്ചത് ഗൗരവമായാണ് ബി.ജെ.പി കാണുന്നത്. വലിയ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്ന കച്ചവട സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നവയില്‍ നല്ലൊരു വിഭാഗമെന്നാണ് ആരോപണം.

ഇതാടൊപ്പം കട തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നിസറുദ്ദീന്‍ അടക്കമുള്ള ഹര്‍ത്താല്‍ വിരുദ്ധരെ ലക്ഷ്യമിട്ട് ഇന്‍കം ടാക്‌സ് – എന്‍ഫോഴ്‌സ് മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ ചില നീക്കങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് സൂചന.

ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോട് വ്യാപാരികളില്‍ ഒരു വിഭാഗം സ്വീകരിച്ച നിലപാട് പക്ഷപാതപരമാണെന്നും. മറ്റുള്ളവരുടെ ഹര്‍ത്താലുകളോട് ഇതേ നിലപാടാണോ സ്വീകരിക്കുകയെന്നും ബി.ജെ.പി നേതൃത്വം ചോദിക്കുന്നു.

സമ്മേളനങ്ങള്‍ നടത്തുമ്പോളും റാലി നടത്തുമ്പോഴും കടകള്‍ അടച്ചിടുന്ന ഏര്‍പ്പാട് ഇനി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്താന്‍ വന്നാല്‍ പിന്നെ തുറക്കാന്‍ സമ്മതിക്കില്ലന്ന നിലപാടിലാണ് കാവിപ്പട.

ഹിന്ദു സമുദായത്തിന്റെ ആചാരപരമായ കാര്യവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനോട് മറ്റൊരു മത വിഭാഗത്തില്‍പ്പെട്ട ചിലര്‍ നടത്തിയ പ്രതിരോധത്തെ ഗൗരവമായി കാണുമെന്നും സംഘപരിവാര്‍ നേതൃത്വം വ്യക്തമാക്കി.

എവിടെ ഒക്കെയാണ് കടകള്‍ തുറന്നത് ഏതൊക്കെ സ്ഥാപനങ്ങള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തി നല്‍കാന്‍ ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വം കീഴ് ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കച്ചവട സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കാനും ഇവരുടെ നികുതി വെട്ടിപ്പ് കേന്ദ്ര ഏജന്‍സികളെ രംഗത്തിറക്കി കണ്ടെത്താനും വേണ്ടിയാണിത്.

സംസ്ഥാന ഭരണകൂടവും സി.പി.എമ്മും സകല ഹിന്ദു വിരുദ്ധരും ഒറ്റക്കെട്ടായി ശ്രമിച്ചിട്ടും ഹര്‍ത്താല്‍ വന്‍ വിജയമായതില്‍ വലിയ ആഹ്ലാദത്തിലാണ് സംഘ പരിവാര്‍ നേതൃത്വം.

വനിതാ മതിലില്‍ സി.പി.എം ഉണ്ടാക്കിയ നേട്ടം മുഴുവന്‍ ശബരിമലയില്‍ യുവതികളെ കയറ്റിയതോടെ തകര്‍ന്നടിഞ്ഞതായാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ശക്തമായ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാന്‍ ഈ സംഭവം വഴി ഒരുക്കിയതായാണ് വിലയിരുത്തല്‍.

Top