യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലന്ന് സർക്കാർ !

sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കു ശേഷം കേരളത്തില്‍ അരങ്ങേറിയ കോലാഹലങ്ങള്‍ ഒന്നു കെട്ടടങ്ങുമ്പോള്‍ പുതിയ വാദവുമായി എത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍.

യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്‍എസ്എസ് സുപ്രിംകോടതിയില്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ എഴുതി നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം, സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ ആണ് എഴുതി നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ അത് ബാധിക്കും എന്ന് വാദിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും പത്ത് വയസ്സ് ഉള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

35 വയസ് കഴിഞ്ഞ യുവതികള്‍ക്കും 2007വരെ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകമായിരുന്നുവെന്നും 2007 ലാണ് ഇത് 60 വയസായി ഉയര്‍ത്തിയതെന്നും 35 വയസ്സുള്ള യുവതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകാന്‍ സാധിക്കുമെങ്കില്‍ എന്തു കൊണ്ട് ശബരിമലയില്‍ പ്രവേശിച്ചു കൂടായെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി.

തന്ത്രി കണ്ഠരര് രാജീവര് നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സബ്മിഷന്‍ എഴുതി നല്‍കി. ജയ്ദീപ് ഗുപ്ത എഴുതി നല്‍കിയ എട്ട് പേജ് സബ്മിഷനിലെ പ്രധാന വാദങ്ങള്‍ ഇവയൊക്കെയാണ്.

യുവതികളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിറുത്തുന്നത് അയ്യപ്പ ആരാധനയുടെ അനുപേക്ഷണീയമായ ആചാരത്തിന്റെ ഭാഗം അല്ലെന്നും
യുവതീ പ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അനുപേക്ഷണീയമായ ആചാരം എന്ന തന്ത്രിയുടെ വാദം കണക്കില്‍ എടുത്ത് ശബരിമല വിധി പുനഃപരിശോധിക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

യുവതികള്‍ക്ക് നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍പ്രവേശിക്കാന്‍ അനുമതിയുണ്ട്. വിലക്ക് ഉള്ളത് ശബരിമലയില്‍ മാത്രമാണ്. ഒരു മതത്തിലെയോ, പ്രത്യേക വിഭാഗത്തിന്റെയോ അനുപേക്ഷിണീയമായ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത്. ശബരിമലയിലെ യുവതി പ്രവേശനം വിലക്കുന്നത് ആചാര പരമായ സമ്പ്രദായം ആണെന്ന അഭിഭാഷകന്‍ വെങ്കിട്ട രാമന്റെ വാദം തെറ്റ് തന്നെയാണ്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ല. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കും എന്ന ഹര്‍ജിക്കാരി ഉഷ നന്ദിനിയുടെ അഭിഭാഷകന്റെ വാദവും തെറ്റാണ്, സബ്മിഷനില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Top