ശബരിമലയിലെ ആചാരങ്ങളില്‍ വനംവകുപ്പ് അനാവശ്യമായി ഇടപെടേണ്ട: എ പത്മകുമാര്‍

ശബരിമല: ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ട ആവശ്യമില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍.

ശബരിമല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ആറാട്ടിന് ഇത്തവണയും ആന എഴുന്നള്ളിപ്പ് ഉണ്ടാകുമെന്നും ഈ ആചാരത്തില്‍ ആനയെ ഒഴിവാക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ഉത്സവ എഴുന്നള്ളിപ്പിന് എത്തിച്ച വെളിനല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയെ വനം വകുപ്പ് കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കടുത്ത ചൂട് മൂലം ആന ഇടയാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ 10 നും വൈകിട്ട് നാലിനും ഇടയില്‍ ആനയെ എഴുന്നള്ളിക്കരുതെന്ന് വനം വകുപ്പ് ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൂടുതല്‍ സമയം ആനയെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ ഇടയ്ക്കിടെ ആനയുടെ കാല്‍ നനച്ചു കൊടുത്ത് ചൂട് തട്ടാതെ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

Top