ശബരിമല അന്നദാനം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി അഖില ഭാരത അയ്യപ്പ സേവാ സംഘം

ഡല്‍ഹി: ശബരിമല അന്നദാനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഖില ഭാരത അയ്യപ്പ സേവാ സംഘമാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശബരിമലയില്‍ അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നല്‍കി അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനം നടത്താന്‍ നല്‍കി അനുമതി റദ്ദാക്കിയത്. 2017 ല്‍ ഹൈക്കോടതി തന്നെ നല്‍കിയ അനുമതി റദ്ദാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ്.

ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജം എന്ന സംഘടന നേരത്തെ ഹൈക്കോടതിയ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജിയെ എതിര്‍ത്ത തീരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനം നിലനില്‍ക്കെ പുതിയ സംഘടനയ്ക് അനുമതി നല്‍കിയാന്‍ പാടില്ലെന്ന് അറിയിച്ചു. മാത്രമല്ല ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ഭക്ഷ്യസുരക്ഷയടക്കം വെല്ലുവിളിയാകുമെന്നും അതിനാല്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനത്തില്‍ പങ്കാളികളാകുന്നതാണ് ഉചിതമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഈ വാദം കണക്കിലെടുത്ത് ശബരിമല അയ്യപ്പ സേവ സമാജത്തിന് ഹര്‍ജി തള്ളിയ ഹൈക്കോടതി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നേരത്തെ നല്‍കിയ അനുമതിയും റദ്ദാക്കി.

എന്നാല്‍ ഈ നടപടി തെറ്റാണെന്നും വര്‍ഷങ്ങളായി ഭക്തരരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. അന്നദാനം മഹാദാനം എന്ന് ലക്ഷ്യമാണ് സംഘടനയുടേതെന്നും വിവിധ സംസ്ഥാനങ്ങളില്‍ അന്നദാനം നടത്തി വരാറുണ്ടെന്നും സംഘടന ഹര്‍ജിയില്‍ പറയുന്നു. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രവര്‍ത്തനത്തെ തീരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തന്നെ പലകുറി അംഗീകരിച്ചിട്ടുള്ളതാണെന്നും ദേവസ്വം ബോര്‍ഡിന്റ ശബരിമലയിലെ നിരവധി പ്രവര്‍ത്തനങ്ങളില്‍ അയ്യപ്പ സേവാ സംഘം പങ്കാളികളാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അനുമതി തിരികെ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നാളെ ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹര്‍ജി പരിഗണിക്കും. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ റിട്ട ജസ്റ്റിസ്. ചിദംബരേഷ് ഹാജരാകും. സുപ്രീംകോടതി അഭിഭാഷക ആനി മാത്യുവാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

Top