ശബരിമല വിഷയത്തില്‍ വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി ബിജെപി

bjp karnataka

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബിജെപി ഇറക്കിയതെന്ന പേരില്‍ വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്നുവെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കി. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ പേരിലാണ് സര്‍ക്കുലര്‍ പ്രചരിക്കുന്നത്.

ആചാരങ്ങള്‍ സംരക്ഷിക്കാനായി ഓരോദിവസവും പരമാവധി എണ്ണം പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കണമെന്നൈാണ് ബി.ജെ.പിയുടെ സര്‍ക്കുലറില്‍ പറയുന്നത്. ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവര്‍ത്തകരെ എത്തിക്കാനാണ് നീക്കം. ഇതിനായി അതാത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ വിവിധ സംഘജില്ലകളില്‍നിന്നും പ്രവര്‍ത്തകരെ അയക്കാന്‍ നിര്‍ദേശമുള്ളത്.

ബി.ജെ.പി കേരളം എന്ന തലക്കെട്ടില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരില്‍ നവംബര്‍ 17ാം തീയതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ 30 സംഘജില്ലകള്‍ക്കും അതാത് പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പ്രവര്‍ത്തകര്‍ എവിടെയെത്തണം, എവിടെ സംഘടിക്കണം എന്നീ കാര്യങ്ങള്‍ ചുമതലക്കാരന്‍ അറിയിക്കുമെന്നും ചുമതലക്കാരനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറിനോടൊപ്പം സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശിന്റെ പേരും ഒപ്പും സീലും സര്‍ക്കുലറിലുണ്ട്. എന്നാല്‍ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി നടത്തുന്ന സമരത്തെ തകര്‍ക്കാനായി രാഷ്ട്രീയ ശത്രുക്കള്‍ പുറത്തിറക്കിയ വ്യാജ സര്‍ക്കുലറാണെന്നാണ് ബിജെപി വിശദീകരണം. ജില്ലാ കമ്മിറ്റി ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയശേഷം ആ വിലാസത്തില്‍ ലെറ്റര്‍ പാഡ് ജില്ലാ കമ്മിറ്റി ഇതുവരെ അച്ചടിച്ചിട്ടില്ല. എന്നാല്‍ പ്രചരിക്കപ്പെടുന്ന സര്‍ക്കുലറില്‍ പുതിയ ഓഫിസിന്റെ വിലാസമാണുള്ളത്.

Top