ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന ബിജെപിയുടെ നുണക്കഥ. . !

ബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് ബിജെപി കേന്ദ്ര സംഘം ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ശബരിമലയിലെ നീക്കങ്ങള്‍ പാളിപ്പോയെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങളോടെ വെളിവായതാണ് ഇതിനു പിന്നില്‍ എന്ന് വ്യക്തം.

ശബരിമല സുരക്ഷയുടെ പേരില്‍ തീര്‍ത്ഥാടകരെ പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നാണ് ബിജെപി വിലയിരുത്തല്‍. പ്രതിപക്ഷ മുഖ്യകക്ഷിയായ കോണ്‍ഗ്രസും പോലീസ് നടപടിയെ അതി രൂക്ഷമായാണ് വിമര്‍ശിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടായി എന്നാണ് ആരോപണം. അവരും അടിയന്തരാവസ്ഥാ അഭിപ്രായത്തോട് മുഖം തിരിക്കുന്നില്ല.

എന്നാല്‍, ശബരിമലയിലെ സ്ഥിതി മറിച്ചായിരുന്നു എന്ന് ടെലിവിഷനുകളിലൂടെ തീര്‍ത്ഥാടകര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വളരെ കൃത്യമായ സുരക്ഷാ സംവിധാനങ്ങളും അവ അങ്ങേയറ്റം കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുകയാണ് ശബരിമലയില്‍ പോലീസ് ചെയ്തത്. പ്രളയ ശേഷം ഉണ്ടായ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ മാത്രമാണ് ഗുരുതരമായിരുന്നത്.

അടിയന്തരാവസ്ഥ കാലത്തെ യഥാര്‍ത്ഥ ചിത്രങ്ങള്‍ വളരെ കൃത്യമായി അറിയാവുന്ന ആളുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍. പോലീസിന് എത്രത്തോളം ക്രൂരമായി പെരുമാറാന്‍ സാധിക്കും എന്ന് ശരിക്കും പരീക്ഷിച്ച് ബോധ്യപ്പെട്ട ആളുകളാണ് പാര്‍ട്ടിയിലുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് നടന്നിട്ടുള്ള പോലീസ് ക്രൂരതയുടെ കഥകള്‍ മലയാളിയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. രാജന്‍ കൊലക്കേസ് സമ്മാനിച്ചിട്ടുള്ള പാപഭാരത്തില്‍ നിന്നും കോണ്‍ഗ്രസിന് ഇനിയും മുക്തി നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

കോളേജ് ഹോസ്റ്റലില്‍ നിന്നും പിടിച്ചു കൊണ്ട് പോയി, പ്രത്യേകം തയ്യാറാക്കിയിരുന്ന പോലീസ് ക്യാംപില്‍ വച്ച് മര്‍ദ്ദിച്ച് കൊന്ന്‌ ശരീരം പോലും ഇല്ലാതാക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത രാജനോട് ചെയ്തത് അതു വരെ കാണാത്ത പോലീസ് ഭീകരതയായിരുന്നു. ഈച്ചരവാര്യര്‍ ഇന്നും കേരളത്തിന്റെ കറുത്ത ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

കേരള സംസ്ഥാനം മുഴുവന്‍ പോലീസിന്റെ നിയന്ത്രണത്തില്‍ വീര്‍പ്പു മുട്ടുന്ന കാഴ്ചയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരുന്നത്. വെറും സംശയത്തിന്റെ പേരില്‍ പോലും പലരും പിടിക്കപ്പെട്ടു. പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിനിടയില്‍ രാജന്‍ എന്ന പേര് വീണ് കിട്ടിയത് മാത്രമാണ് രാജന്‍ ഹണ്ടിലേയ്ക്ക് പോലീസിനെ നയിച്ചിരുന്നത്. സമാനമായ രീതിയില്‍ വെറും സംശയത്തിന്റെ പേരില്‍ മാത്രം ക്യാംപുകളില്‍ ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വന്ന നിരവധി പേര്‍ക്കാണ് പിന്നീട് ജീവിതത്തില്‍ ജീവച്ഛവമായി കഴിയേണ്ടി വന്നിട്ടുള്ളത്.

സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരത്തിന് അടിയന്തരാവസ്ഥ ശരിക്കും ഉപയോഗപ്പെടുത്തി എന്നതാണ് ഇന്നും നിലനില്‍ക്കുന്ന ആക്ഷേപം. ഈ അവസ്ഥകളോട് താരതമ്യം ചെയ്യുകയാണ് ശബരിമലയില്‍ അങ്ങേയറ്റം പ്രതിപക്ഷ ബഹുമാനത്തോടെ പോലീസ് എടുത്ത നിലപാടുകളെ.

ശബരിമലയില്‍ ബിജെപി സമരങ്ങള്‍ പാളിയപ്പോള്‍ ഇനി അടിയന്തരാവസ്ഥ എന്ന അറ്റ കൈ പ്രയോഗം സജീവമാക്കി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിടിച്ച് താഴെയിടാം എന്നാണെങ്കില്‍ അതിന് കേരളം പ്രതിരോധം തീര്‍ക്കുക തന്നെ ചെയ്യും എന്ന സൂചനയാണ് ശബരിമല പ്രശ്‌നം സജീവമായിരിക്കുമ്പോഴും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ നേടിക്കൊണ്ട് തന്നെ എല്‍ഡിഎഫ് നേടിയ വിജയം. ബിജെപിയ്ക്കുള്ളില്‍ പോലും ഇപ്പോള്‍ സംശയങ്ങളും സമര മാര്‍ഗ്ഗങ്ങലെക്കുറിച്ചുള്ള വ്യാകുലതകളും പടലപ്പിണക്കങ്ങളായി മാറിക്കഴിഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കു മാത്രമായി നടത്തുന്ന സമരങ്ങളോടും മൂന്നാം കിട നാടകങ്ങള്‍ക്കും കേരളത്തില്‍ സ്ഥാനമില്ല എന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അറിയില്ലെങ്കില്‍ കേരളത്തിലെ നേതാക്കളെങ്കിലും പറഞ്ഞു കൊടുക്കണം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും തിരുവനന്തപുരത്തെ താമരത്തണ്ടും അറ്റുപോകും.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top