ശബരിമല ഡ്യൂട്ടി; സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പാനല്‍ തയ്യാറാക്കുന്നു

തിരുവനന്തപുരം: തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പാനല്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. സര്‍ക്കാര്‍ സര്‍വീസില്‍ അല്ലാത്തവര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ പട്ടിക ദേവസ്വം ബോര്‍ഡ് തയ്യാറാക്കും. കോവിഡ് പ്രതികൂല സാഹചര്യം തീര്‍ഥാടനത്തെ ബാധിക്കാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പാനല്‍ തയ്യാറാക്കാന്‍ ദേവസ്വം മന്ത്രി വിളിച്ച ഉന്നത തലയോഗത്തില്‍ തീരുമാനമായി.

ശബരിമലയില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാത്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ പട്ടിക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കും. ഇതിനായി പരസ്യം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ശമ്പളം നല്‍കിയുള്ള വേതനമായല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. പ്രതികരണം മികച്ചതല്ലെങ്കില്‍ ഇതില്‍ മാറ്റം വരുത്തും.

മഴക്കാലത്ത് തകര്‍ന്ന നിലയ്ക്കല്‍- പമ്പ റൂട്ടിലെ പ്ലാന്തോട് ഭാഗം പുനര്‍നിര്‍മിക്കാത്തത് തീര്‍ഥാടനത്തിന് വെല്ലുവിളിയാണ്. ഈ മാസം 30നു മുന്‍പ് പണി പൂര്‍ത്തിയാക്കുമെന്ന് പി.ഡബ്ല്യൂ.ഡി. യോഗത്തില്‍ ഉറപ്പു നല്‍കി. ഇതിനോടകം വിളിച്ച ടെന്‍ഡറില്‍ കരാറുകാരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ റീ ടെന്‍ഡര്‍ നടത്തും. അതും നടന്നില്ലെങ്കില്‍ പൊതു മരാമത്ത് വകുപ്പ് നേരിട്ട് പണി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിതല വിദഗ്ധ സമിതി നിര്‍ദേശിച്ച നിയന്ത്രണങ്ങളുടെ ഒരുക്കങ്ങള്‍ തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനോടകം തയ്യാറാക്കിയ ദര്‍ശന നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൊവ്വാഴ്ച അഭിപ്രായം വ്യക്തമാക്കിയ ശേഷം മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Top