‘ഇപ്പോള്‍ അവിശ്വാസമാണ് ഫാഷന്‍’; ശബരിമല വിഷയത്തില്‍ ഡോ.സുല്‍ഫി നൂഹു

കൊച്ചി: ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡോ. സുല്‍ഫി നൂഹുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അവിശ്വാസം ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണെന്നും ശരിയായ വിശ്വാസികള്‍ പിന്നോക്കം വലിഞ്ഞെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ കയറാത്തത് ഒരു വിശ്വാസത്തിന്റെ ഭാഗമായാണ് പലരും കരുതുന്നത്. അതിനാല്‍ അത് ഒഴിവാക്കേണ്ടെന്നാണ് അഭിപ്രായമെന്നും സുല്‍ഫി നൂഹു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

അശോകന്റെ ശബരിമല!!
====================

അശോകൻ എന്റെ സഹപാഠിയും അയൽവാസിയും ഒക്കെ ആയിരുന്നു .ശബരിമല എന്നിലേക്ക് എത്തിയിരുന്നത് അശോകനിലൂടെ ആണ്.

നാലാം തരത്തിൽ പഠിക്കുമ്പോൾ എപ്പോഴോ ആയിരുന്നിരിക്കണം അയൽ വീട്ടിൽ നിന്നും ഉയർന്നുവരുന്ന ശരണംവിളി ഞാനാദ്യം കേൾക്കുന്നത് .ആ ശരണംവിളിയിലെ ഒരു താളവും അതിലെ ഈണവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
അശോകന്റെ വീട്ടിൽ നിന്നായിരുന്നു ആ ശരണംവിളി.

അടുക്കളയിലേക്ക് ഓടി അമ്മയോട് ഒരു ചോദ്യം എറിഞ്ഞു.

“എന്താ അമ്മേ അപ്പുറത്തെ വിളി?” അമ്മയുടെ ഉത്തരം വളരെ വ്യക്തമായിരുന്നു “അശോകനും അച്ഛനുമൊക്കെ ശബരിമലയ്ക്ക് പോവുകയാണ് അതിന്റെ പ്രാർത്ഥനയാണ് കേട്ടത്‌.”

ശരണംവിളി എന്നിൽ വീണ്ടും സംശയം ഉണർത്തി.
“എന്തായി ശബരിമല”? അമ്മയുടെ ഉത്തരം പെട്ടെന്നു വന്നു.

” നമ്മുടെ വലിയപള്ളി പോലെ അവരുടെ വലിയ അമ്പലമാ ശബരിമല”

വീണ്ടും ശരണംവിളി കേൾക്കുവാനായി ഞാൻ വാതിൽപ്പടിയിലേയ്ക്ക് ഓടിച്ചെന്നു .

“സ്വാമിയേ അയ്യപ്പൊ !അയ്യപ്പൊ സ്വാമിയെ ”

“സ്വാമി ശരണം അയ്യപ്പശരണം”

താളം തെറ്റാതെ ശരണം വിളിച്ചു കറുത്ത വസ്ത്രം ധരിച്ച് മലയ്ക്കു പോകുന്ന അശോകനെ ഞാൻ അസൂയയോടു കൂടി കണ്ടുനിന്നു

രണ്ടുദിവസം കഴിഞ്ഞ് മടങ്ങിവന്ന അശോകന്റെ വീട്ടിൽനിന്നും കൊണ്ടുവന്ന അരവണപ്പായസമായിരുന്നു എന്റെ മറ്റൊരത്ഭുതം.
അരവണ പായസത്തിന് രുചി വാക്കിലും മനസ്സിലും ശരീരത്തിലും പടർന്നുപിടിച്ച ഞാൻ ഇപ്പോഴും അരവണ പായസം കണ്ടാൽ അവിടേക്ക് ഓടി അടുക്കും . പിന്നീട് എല്ലാ കൊല്ലവും മണ്ഡല കാലമാകുമ്പോൾ അശോകന്റെ വീട്ടിൽനിന്നും പരിസരങ്ങളിൽനിന്നും ഉയരുന്ന ശരണംവിളികൾ എനിക്കേറെ ഇഷ്ടമായിരുന്നു .അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു.

ശബരിമലയിലെ പ്രശ്നങ്ങൾ എല്ലാവരേയുംപോലെ എന്നെയും വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

എനിക്ക് അഞ്ചുനേരം നിസ്കരിക്കാൻ കഴിയാറില്ല.ആഗ്രഹം ഉണ്ടാകാതെ അല്ല. പള്ളിയിൽപോകുന്നത്അപൂർവ്വമായിട്ടാണ് .നോമ്പ് പിടിക്കുന്നതും അപൂർവ്വം. ഹജ്ജിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമായമായില്ല എന്നു തോന്നുന്നു.

എങ്കിലും ഞാൻ എന്നെ കാണുന്നത് ഒരു വിശ്വാസി ആയിട്ടാണ്

മതപണ്ഡിതന്മാരുടെ നിർവചനങ്ങളിൽ ഞാൻ ആ ഗണത്തിൽ പെടില്ലെങ്കിലും,കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്ന നിർവചനത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ ഞാൻ വിശ്വാസി തന്നെയാണ് .

എല്ലാത്തിനും മുകളിൽ ഉള്ള ശക്തിയെ കൃഷ്‌ണനെന്നോ ,അയ്യപ്പ സ്വാമിയെന്നോ ,യേശുവെന്നോ ,അള്ളാഹു വെന്നോ വിളിക്കപെടട്ടെ,ആ ശക്തിയെ വിശ്വസിക്കണം.അതായിരുന്നു അമ്മയുടെ അതിർ വരമ്പുകൾ.

അതവിടെ നിൽക്കട്ടെ

ഇപ്പോൾ അവിശ്വാസമാണ് ഫാഷൻ.

അവിശ്വാസം ഫാഷൻ ആയപ്പോൾ ശരിക്കുമുള്ള വിശ്വാസികൾ നിശബ്ദരായി പിന്നോക്കം വലിഞ്ഞു.

ശരിക്കുമുള്ള വിശ്വാസികളെ കുറിച്ചാണെ ഞാൻ പറഞ്ഞത്‌!ഞാൻ പറയുന്നത് തീവ്ര വിശ്വാസികളെ കുറിച്ചേയല്ല.

നിരീശ്വര വാദം പറയുന്നവരെപ്പോലെ തന്നെ വിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും അവകാശമുണ്ട്.

ശബരിമലയിൽ സ്ത്രീൾ അടുത്തകാലത്തൊന്നും പോകാറില്ലായിരുന്നു എന്നുള്ളത് ഒരു സത്യമാണ്. അത് ഒരു വിശ്വാസത്തിൻറെ ഭാഗവുമാണെന്ന് പലരും കരുതുന്നു. .അതിനാൽതന്നെ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾ പോകുന്നത് വിശ്വാസത്തിൻറെ ഭാഗമാകുന്നില്ല എന്നുള്ളതിനാൽ അത് ഒഴിവാക്കേണ്ടതാണ് എന്നുതന്നെയാണ് എൻറെ വ്യക്തിപരമായ അഭിപ്രായം.

ഈപ്പറഞ്ഞതിന് അർത്ഥം, ഞാൻ ഒരു പുരുഷ പക്ഷ വാദിയെന്നോ സ്ത്രീ വിരുദ്ധനെന്നോ അല്ലേയല്ല.

ഇനി ഒരുപക്ഷെ ഞാനിതു പറയുമ്പോൾ സ്ത്രീ സമത്വവാദികളായ എൻ്റെ സ്‌ത്രീ, പുരുഷ സുഹൃത്തുക്കൾക്ക് എന്നോട് നീരസം തോന്നുകയൊന്നും വേണ്ട.

ഒന്നുകൂടി വ്യക്തമാക്കിയാൽ ,സ്ത്രീ സമത്വവാദി തന്നെയായി നിലനിൽകുമ്പോൾ തന്നെ , വിശ്വാസങ്ങൾ ലംഘിക്കപ്പെടുന്നത് ധാരാളം ആൾക്കാരുടെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കുമെങ്കിൽ അത് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ് .

പക്ഷേ

അന്ധവിശ്വാസങ്ങളും

ആശാസ്ത്രീയതയും

മത മൗലിക വാദങ്ങളും

എതിർക്കപ്പെടേണ്ടത് കൂടിയാണ്.

അപ്പോൾ മറ്റൊന്നു കൂടി കേൾക്കണം.ഇടയ്ക്ക് എനിക്ക് ഉണ്ടാകുന്ന ചെറിയ സംശയം!

ഇസ്ലാം മതസ്ഥർ നമസ്കാരം ചെയ്യുന്നതിനുമുമ്പ് ശരീരം ശുദ്ധിയാക്കുന്ന പ്രക്രിയകളിൽ പല ഘട്ടങ്ങളുണ്ട്. കൈ കഴുകുക ,മുഖം കഴുകുക , വായ് കഴുകുക തുടങ്ങി പല ഘട്ടങ്ങൾ .

ഒരു സുപ്രഭാതത്തിൽ കോടതി പറയുകയാണെന്ന് കരുതൂ, നാളെമുതൽ പള്ളിയിൽ കയറുമ്പോൾ കയ്യും കാലും മാത്രം കഴുകിയാൽ മതി ,നിസ്കാരത്തിനു മുൻപ് , എന്നു പറഞ്ഞാലോ ?
മറ്റു ഭാഗങ്ങൾ ശുദ്ധീകരിക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞാൽ ….
ബാക്കി നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ !

അങ്ങനെ ഒരു നിരീക്ഷണം ഉണ്ടായാൽ ഒരു “മിത” വിശ്വാസിയായ എനിക്ക് പോലും വേദന ഉണ്ടായെക്കാം.
അതുപോലെ വിശ്വാസികളുടെ ഇടനെഞ്ചു കളെ കീറിമുറിക്കുന്ന ഒരു വിധിയായിരുന്നു ബഹുമാന്യ സുപ്രീം കോടതി പ്രഖ്യാപിച്ചത് എന്ന് പറയാതെവയ്യ.

ആർത്തവം അശുദ്ധിയല്ല എന്നുള്ള ശാസ്ത്രീയതയിൽ അടിവരയിട്ടുകൊണ്ടുതന്നെ ,

ശബരിമല മുൻകാലങ്ങളിലെപ്പോലെ ശാന്തമായി തുടരണം !

.വിശ്വാസികൾക്ക് അവരുടെ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് തന്നെ പ്രാർത്ഥിക്കാനും കഴിയണം.

അശോകന് എല്ലാക്കൊല്ലവും എനിക്ക് അരവണപ്പായസം കൊണ്ടുവരുവാനും കഴിയണം

ഡോ സുൽഫി നൂഹു

Top