ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുവാന്‍ അനുവദിക്കില്ല: കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: ശബരിമലയില്‍ അരങ്ങേറുന്ന നാടകീയ രംഗങ്ങള്‍ക്കിടയില്‍ വീണ്ടും പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുവാന്‍ അനുവദിക്കില്ലെന്നും അതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ വരരുതെന്ന അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ദയവ് ചെയ്ത് മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അഭ്യര്‍ത്ഥിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.

അതേസമയം, ശബരിമലയില്‍ കനത്ത തിരക്കായതിനാല്‍ യാത്ര അസാധ്യമാണെന്ന് ഇരുവരെയും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ശബരിമലയിലേയ്ക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറാണെന്ന് ബിന്ദുവും കനകദുര്‍ഗയും പൊലീസിനെ അറിയിച്ചിരുന്നു.

കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവര്‍ തിങ്കളാഴ്ചയായിരുന്നു ശബരിമല ദര്‍ശനത്തിനായി എത്തിയത്. പ്രതിഷേധങ്ങള്‍ക്കിടയിലൂടെ ഇരുവരും രാവിലെ പമ്പയില്‍ നിന്നു ചെളിക്കുഴിയും അപ്പാച്ചിമേടും മരക്കൂട്ടവും താണ്ടി ചന്ദ്രാനന്ദന്‍ റോഡില്‍ പ്രവേശിച്ച യുവതികള്‍ക്കു വലിയനടപ്പന്തലിന് അരകിലോമീറ്റര്‍ മുന്‍പായി യാത്ര അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

Top